Maanushikam

Maanushikam

Sunday, July 12, 2015

ഉപേക്ഷിച്ച പേരിൽ അറിയപ്പെടുന്നവർ
ഇത് സ്വന്തം സ്ഥലപ്പേരിൽ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെയോ രാഷ്ട്രീയക്കാരുടെയോ കഥയല്ല. പത്തനംതിട്ട ജില്ലയിലെ ഒരു മലയോര കുടിയേറ്റ ഗ്രാമത്തിന്റെ കഥയാണ്‌. സർ സി.പി യുടെ ഭരണ കാലത്ത് ഭക്ഷ്യ ക്ഷമാം കൊടുമ്പിരി കൊണ്ടപ്പോൾ തിരുവിതാംകൂറിൽ കാട് വെട്ടി തെളിച്ചു കൃഷി ചെയ്യാൻ ജനങ്ങൾക്ക്‌ അനുമതി കൊടുത്തു. അങ്ങനെ കാട് കയറിയവർ അവിടെ തന്നെ താമസം ആക്കി (അല്ലാതെവിടെ പോകാൻ). അങ്ങനെ കാട് നാടായി.

ഇങ്ങനെ പട്ടിണി മാറ്റാൻ കാട് കയറിയവരിൽ പല ദേശക്കാരും ഉണ്ടായിരുന്നു. പ്രധാനമായും പത്തനംതിട്ടയുടെ സമീപ പ്രദേശങ്ങളിൽനിന്നും ഇന്നത്തെ കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളുടെ പത്തനംതിട്ടയോടു ചേർന്ന് കിടക്കുന്ന സ്ഥലങ്ങളില്നിന്നും വന്നവർ. മുമ്പ് പരസ്പരം യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരു ജനക്കൂട്ടം. സാധാരണ ഒരു വീടും വീട്ടുകാരും അവരുടെ വീട്ടു പേരിൽ അറിയപ്പെടാറുണ്ട്. പേരക്കൂട്ടത്തിൽ, പ്ലാവുനിൽക്കുന്നതിൽ, തെക്കേപ്പറമ്പിൽ ഇങ്ങനെ. വീടില്ലാത്തവർക്ക് എന്ത് വീട്ടു പേര്. നിങ്ങൾ എവിടുന്നാ?.. ഞാൻ ചങ്ങനാശ്ശേരീന്നു, നിങ്ങളോ? ഞാൻ മൈലപ്പ്രായീന്നു. അങ്ങനെ ചങ്ങനാശ്ശേരീന്നു വന്നവരെ ചങ്ങനാശ്ശേരീക്കാരെന്നും വീട്ടുകാരനെ ചങ്ങനാശ്ശേരീന്നും വിളിച്ചു. തിരുവല്ലയില്നിന്നും കുടിയേറിയ ആളിനെ "തിരുവല്ല" എന്നും വീട്ടുകാരെ തിരുവല്ലക്കാരെന്നും വിളിച്ചു. കൈപ്പട്ടൂർ എന്ന സ്ഥലത്തുനിന്നും കുടിയേറിയ അപ്പച്ചൻ നാട്ടുകാര്ക്ക് പ്രിയപ്പെട്ട കൈപ്പട്ടൂരപ്പൻ ആയി. ഇന്നു വര്ഷങ്ങള്ക്ക് ശേഷവും അൻപതോ അറുപതോ കൊല്ലങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന സ്ഥലത്തിന്റെ പേരില് അറിയപ്പെടുന്ന ധാരാളം ആൾക്കാർ ഈ ഗ്രാമങ്ങളിൽ ജീവിച്ചിരിക്കുന്നു. പലരുടെയും മൂന്നാം തലമുറയും ഇതേ പേരില് അറിയപ്പെടുന്നു.